International
ബെയ്ജിംഗ്: മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങൾക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങൾക്കാണ് വിവിധ ശിക്ഷകൾ ലഭിച്ചത്. ഇതിൽ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.
ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയിൽ മ്യാൻമറിലെ ലൗക്കൈങ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങൾ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്.
ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു പോയ ഒരു ചൈനീസ് നടനെ മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയ വാർത്ത ചൈനീസ് സൈബർ ലോകത്തു പ്രചരിച്ചിരുന്നു. സംഭവത്തെതുടർന്ന്, മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ഈ മാഫിയ സംഘങ്ങളെ അടിച്ചമർത്തണമെന്നു ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2015നും 2023നും ഇടയിൽ മിംഗ് മാഫിയ തട്ടിപ്പ് കേന്ദ്രങ്ങളിൽനിന്ന് ഏകദേശം 10 ശതകോടി യുവാൻ (13,200 കോടി ഇന്ത്യൻ രൂപ) മാഫിയ സമ്പാദിച്ചതായി കണ്ടെത്തിയ ചൈനയിലെ പരമോന്നത കോടതി നവംബറിൽ ഇവരുടെ അപ്പീലുകൾ തള്ളിയിരുന്നു. 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇവരുടെ കുറ്റകൃത്യങ്ങൾ കാരണമായതായും കോടതി ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണത്തില്‍നിന്നു 15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തില്‍ ഇന്നു രാവിലെ 10നു തിരുവനന്തപുരം ലോട്ടറി ക്ഷേമനിധി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.
ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണമെന്നും തട്ടിപ്പില്‍ ഭരണകക്ഷി ഉന്നതരുടെ പങ്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷപതട്ടിപ്പ് കേസില്‍ നടന് ജയസൂര്യക്ക് ഒരുകോടി രൂപ ലഭിച്ചെന്ന് ഇഡിയുടെ കണ്ടെത്തൽ. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്. എന്നാൽ ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്ന് ജയസൂര്യ പറഞ്ഞു.
അതേസമയം നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനും ഇഡി തയാറെടുക്കുന്നതായും സൂചനകളുണ്ട്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും.
ഇദ്ദേഹത്തിന് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. കേസില്‍ ജയസൂര്യ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
Kerala
കൊച്ചി: ശബരിമലയിൽനിന്നും സ്വർണം കവർന്ന സിപിഎമ്മിന്റെ രണ്ട് നേതാക്കൻമാർ ഇപ്പോഴും ജയിലിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർക്കെതിരെ ഇതുവരെ സിപിഎം നടപടിയെടുത്തില്ല. ഇത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി സോണിയാ ഗാന്ധിയുടെ കൂടെ പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത്. സിപിഎമ്മിന്റേത് യഥാർഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കൂടെ പോറ്റിയുടെ ഫോട്ടോ ഉണ്ടല്ലോ. എന്നാൽ പ്രതിപക്ഷം മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതിയാണെന്ന് പറഞ്ഞോ?. ഇങ്ങനെ പല ആളുകളും പലരുടെ കൂടെയുമുള്ള ഫോട്ടോ ഉണ്ടാകും. അത് അല്ല വിഷയം. ശബരിമലയിലെ സ്വർണം കൊള്ളയടിച്ച ആളുകൾ, എൽഡിഎഫ് അധികാരത്തിൽ ഇരിക്കുന്പോൾ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ഇരുന്ന രണ്ട് പേരാണ് ജയിലിൽ കിടക്കുന്നത്.
ഇനിയും പല പ്രധാനപ്പെട്ട ആളുകളിലേക്കും അന്വേഷണം പോകണം. വൻ തോക്കുകൾ ഉണ്ടെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. ആ കൊള്ള മറച്ചുവയ്ക്കാൻ ഫോട്ടെയുടെ കാര്യം പറഞ്ഞിട്ട് എന്നതാണ് കാര്യം. പിണറായിയുടേത് വില കുറഞ്ഞ ആരോപണം ആണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഗോൾഡൻവാലി നിധി നിക്ഷേപ തട്ടിപ്പിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി താരയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂർ പോലീസ് ബംഗളൂരു വിമാനത്താവളത്തിൽനിന്നും പിടികൂടിയിരുന്നു.
തുടർന്ന് റിമാൻഡിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊർജിതമാക്കിയത്.
10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടൊപ്പം കുവൈറ്റിലേക്കു മുങ്ങിയ മറ്റൊരു പ്രതി കെ.ടി.തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ഇടപാട് നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ നടന്നു. ചില പോര്‍ട്ടലുകളില്‍നിന്ന് വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇത് ചെയ്യുന്നത്. വ്യാജ കച്ചവടത്തിന്റെ മുഴുവന്‍ ഇടപാടുകളും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലാണ് നടന്നതെങ്കിലും ജിഎസ്ടി ബാധ്യതയും ആദായനികുതി ബാധ്യതയും വരുന്നത് ഇരകളായ സാധാരണക്കാര്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂന ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ആകെ ചെയ്തത് ഈ രജിസ്ട്രേഷനുകള്‍ റദ്ദു ചെയ്യുക മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും സതീശൻ കൂട്ടിച്ചേർത്തു.